പേജുകള്‍‌

2010, മാർച്ച് 14, ഞായറാഴ്‌ച



ഒരു വടക്കന്‍ വീരഗാഥ - റീലോഡെഡ് (Part-2)

രംഗം 2 :
ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍ ഉരുവിട്ട് പൂജ ചെയ്യുന്നത് കേള്‍ക്കാം
" മുസ്ത്തഫാ മുസ്ത്തഫാ , ഡോണ്ട് വറി മുസ്ത്തഫാ
കാലം നം തോഴന്‍ മുസ്ത്തഫാ ,... ഓം ഹ്രീം സ്വാഹാ ... "
പെട്ടെന്ന് കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് ചന്തു ഞെട്ടി , അത് പിന്നെ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സൗണ്ട് കേട്ടാ ആരായാലും ഞെട്ടിപ്പോവൂല്ലേ ??
ദേ... കാണാന്‍ രണ്ടു പിള്ളേര് വന്നു നിപ്പൊണ്ട് , ഇതൊക്കെ ഒതുക്കീട്ട് ഹാളിലോട്ട്‌ ചെന്നേ .... ചന്തൂന്‍റെ വൈഫ്‌ ഉരുളി ... സോറി ... അരുളി !!
ഹാളിലെത്തിയ ചന്തു കണ്ടത് ഫുള്‍ ഫ്രീക് ഡ്രെസ്സില്‍ നില്‍ക്കുന്ന രണ്ടു യുവകോമളന്‍മാരെ . ഒരാള്‍ മുടി സ്പൈക് ചെയ്ത് അതുമ്മേ ചോപ്പ് , പച്ച , നീല , വെള്ള , എന്നിങ്ങനെ അവിടവിടെ കളര്‍ ഒക്കെ ചെയ്ത ഒരു ചുള്ളന്‍ . മറ്റവന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു വരയന്‍ താടിക്കാരന്‍ . ചന്തു രണ്ടു പേരെയും നോക്കി . കൊള്ളാം രണ്ടും ഒന്നിനൊന്നു മെച്ചം . നല്ല തറവാടിത്വം ഉള്ള പിള്ളേര് . കണ്ടാലും പറയും . !! ചന്തു അവരോടു ആഗമനോദ്ദേശം ആരാഞ്ഞു .
വരയന്‍ താടിക്കാരന്‍ : ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ വേണ്ടി , ചന്തു ഭാഗവതരുടെ അടുത്ത് നിന്നും ' സംഗതി ' പഠിക്കാന്‍ വന്നതാ .
ചന്തു : ശോ .... ഈ ആരാധകരെ കൊണ്ട് തോറ്റു . പണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജയിച്ച് ഞാന്‍ ഫേമസ് ആയപ്പോ ഇത്രേം ആരാധകശല്യം ഉണ്ടാവൂന്ന് കരുതീല്ല. സോറി ഡാ പിള്ളേരെ , ഇവിടെ സംഗതി പഠിപ്പീര് നിര്‍ത്തി , ഞാനിപ്പോ റിയല്‍ എസ്റ്റേറ്റ് ബിസിനെസും ആല്‍ബം പിടിക്കലും ഒക്കെയായി കഴിഞ്ഞ് കൂടുവാ . നിങ്ങളാ ഭരത് സാറിനെ ചെന്ന് കാണ് . അങ്ങേര്‍ക്ക് സംഗതി എന്ന് വച്ചാ വീക്നെസ്സാ . കറിയില്‍ ഉപ്പോ എരിവോ മറ്റോ കുറഞ്ഞാല്‍ ഭാര്യയോടു പോലും പറയുന്നത് " സംഗതിയൊന്നും ഇല്ലല്ലോ മോളേ ന്നാ " . നിങ്ങള്‍ അങ്ങോട്ട്‌ പോ മക്കളേ ദിനേശാസ് .
വരയന്‍ താടിക്കാരന്‍ : അങ്ങനെ ഒഴിഞ്ഞു മാറാനൊന്നും നോക്കണ്ട ചന്തു സാറേ . ഞങ്ങളെ പഠിപ്പിച്ചേ പറ്റൂ .
ചന്തു : നിങ്ങടെ നാടെവിടാ മക്കളേ ??
വരയന്‍ താടിക്കാരന്‍ : ഊളമ്പാറ .
ചന്തു : ആഹാ .... ഊളമ്പാറക്കാരാ ? , ഞാനറിയാത്ത നാടൊന്നും അല്ലല്ലോ ,... അവിടൊരു തങ്കപ്പന്‍ മാഷുണ്ടാരുന്നല്ലോ , ഒരു വട്ടു സൈസ് , അങ്ങേരിപ്പ എന്ത് ചെയ്യുന്നു ? ഞാനും ഭാര്യേം അങ്ങേരുടെ കാര്യോം പറഞ്ഞ് എന്നും ചിരിയാ ... ഹു ഹു ഹൂ . ആട്ടേ , എന്താ നിങ്ങടെ വീട്ടു പേര് ?
വരയന്‍ താടിക്കാരന്‍ : പുത്തൂരം വീട് !!!!!!!
ആ വീട്ടുപേര് കേട്ടതും ഹരിമുരളീരവം പാടുന്നതിനിടക്ക് വെള്ളി വീണ ഭാഗവതരെപ്പോലെ ചന്തു തളര്‍ന്നിരുന്നു . ബാക്ക് ഗ്രൗണ്ടില്‍ ചോന്ന ലൈറ്റ് മിന്നി മറയുന്നു .
ചന്തു : പുത്തൂരം വീട്ടിലെ .... ?
വരയന്‍ താടിക്കാരന്‍ : ഞാന്‍ , ഉണ്ണിയാര്‍ച്ചയുടെ മോന്‍ ആരോമലുണ്ണി , യെവന്‍ ആരോമല്‍ ഭാഗവതരുടെ മോന്‍ കണ്ണപ്പനുണ്ണി .
ചന്തൂന് സംഗതികളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി തുടങ്ങി , അപ്പോള്‍ ചന്തുവിന്‍റെ ഭാര്യ അഥിതികള്‍ക്ക് ചായേം ബിസ്ക്കട്ടുമായി വന്നു .
ചന്തു : ഡീ , നീ അകത്ത്‌ പോയേ , പിള്ളേര് വന്നിരിക്കണത് കൊട്ടേഷനും കൊണ്ടാ , ഇന്നിവിടെ എന്തരേലൊക്കെ നടക്കും !!
കണ്ണപ്പനുണ്ണി : എന്‍റെ ഡാഡിയെ ചതിച്ചു കൊന്നതിന് പകരം ചോദിക്കാനാ ഞങ്ങള്‍ വന്നത് !!
ചന്തു : ഒന്ന് പോടാര്‍ക്കാ , തരത്തീപ്പോയി കളിയെടാ ... മൊട്ടേന്നു വിരിഞ്ഞിട്ടില്ല , അതിന് മുന്‍പ് അവനൊക്കെ പകരം ചോദിക്കാന്‍ എറങ്ങിയേക്കുന്നു , അതും ചന്തൂനോട് . നീയൊക്കെ എന്തറിഞ്ഞിട്ടാ !!
ഇതും പറഞ്ഞ് , ചന്തു അകത്തേക്ക് സ്കൂട്ടാവാന്‍ നോക്കുന്നു ..
ആരോമലുണ്ണി : എസ്ക്കേപ്പാവാന്‍ നോക്കണ്ട ചന്തു അങ്കിളേ ,... ഞങ്ങള് എല്ലാം അറിഞ്ഞിട്ടാ വന്നിരിക്കുന്നത് . മമ്മി എന്നോടെല്ലാം പറഞ്ഞ് . പോരാത്തതിന് മുത്തച്ഛന്‍റെ ലാപ്ടോപ്പീന്ന് നിങ്ങടെ ഫ്ലാഷ്ബാക്കും മനസ്സിലാക്കിയ ശേഷമാ ഞങ്ങള്‍ വന്നത് .
ചന്തു അങ്കിള്‍ എന്ന വിളി കേട്ടതും തിരിഞ്ഞു നടന്ന ചന്തൂന്‍റെ ഉള്ളില്‍ സെന്‍റിമെന്‍സ് വര്‍ക്ക്‌ ഔട്ട്‌ ആവുന്നു .. സ്ലോ മോഷനില്‍ തിരിഞ്ഞു കൊണ്ട് ...
ചന്തു : ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ പറ്റി നിങ്ങള്‍ക്കെന്തറിയാം ??
ആരോമലുണ്ണി : ആവശ്യത്തിലുമധികം , ഇടയ്ക്കിടയ്ക്ക് ഫയറിലൊക്കെ വായിച്ചിട്ടുണ്ട് !!
ചന്തു : മുളയാണിക്ക് പകരം ബിരിയാണി വച്ച് ആ ബിരിയാണിയില്‍ മുള്ളാണി ഇട്ടവന്‍ ചന്തു , പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംഗതി എവിടേ എന്ന് ചോദിച്ച ജഡ്ജിനോട് കൊണ്ടുവരാന്‍ മറന്നു പോയി എന്ന് കളവ് പറഞ്ഞവന്‍ ചന്തു , എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവരെ ആശ്വസിപ്പിച്ച അവതാരകയെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചവന്‍ ചന്തു , അവസാന റൗണ്ടില്‍ ആരോമല്‍ ഭാഗവതര്‍ ഫ്ലാറ്റ് മേടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചെറുതടിക്കാന്‍ വിളിച്ചിട്ട് അതില്‍ എലിപ്പാഷാണം കലക്കിക്കൊടുത്ത് ആരോമലിനെ ചതിച്ചു കൊന്നവന്‍ ചന്തു ... ഇന്നീം എന്തൊക്കെ കഥകളാണ് നിങ്ങള്‍ ഫയറില്‍ വായിച്ചിട്ടുള്ളത് ?? ഒരു കാര്യം ഇപ്പഴേ പറഞ്ഞേക്കാം ... ചന്തൂനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ ,... !! തിരിച്ചു പോ ... ഉം ... പോവാന്‍ ... !! ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നു ..... " എടിയേ ഇച്ചിരി വെള്ളം കൊണ്ട് വന്നേ , ... എന്‍റെ തൊണ്ട വളരുന്നു ... ഛീ .. വരളുന്നു !! അല്ലേ വേണ്ട , ഞാന്‍ അടുക്കളേലോട്ട് വരാം , അതാ സേഫ് .
ഇതും പറഞ്ഞ് ചന്തു പിന്നേം സ്കൂട്ടാവുന്നു .. !!
അടുക്കളയില്‍ എത്തിയ ചന്തൂനോട് പെണ്ണുമ്പിള്ള .. " ദേ മനുഷ്യാ ... നിങ്ങളിതെന്ത് ഭാവിച്ചാ ?? , ഇതിപ്പോ എന്താ സംഭവം ?? യേതാ ഈ പിള്ളേര് ?? അവമ്മാര് പോണില്ലല്ലോ , അതെന്താ ?? "
ചന്തു : എടീ ... നീയിങ്ങനെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന അഥിതികളോട് നികേഷ്കുമാര്‍ ചോദിക്കണമാതിരി എന്നോട് ചോദിക്കാതെടീ . എനിക്കും പറയാന്‍ ഒരവസരം താ .. ആ പിള്ളേര് അങ്ങനിങ്ങനൊന്നും പോവൂല്‍ട്രീ . അവമ്മാര് എന്‍റെ പെലകുളി അടിയന്തരം നടത്തീട്ടേ പോവൂന്നാ തോന്നണേ . കള്ള ഡേഷുകള് !! ഡീ ... ഞാനെങ്ങാനും ഇന്ന് വടിയായാല്‍ നീയും ഇക്കണ്ട സ്വത്തുക്കളും ഒക്കെ വഴിയാധാരാവൂല്ലോന്നോര്‍ക്കുമ്പോ ,.... :(
നീയൊരു കാര്യം ചെയ് .. എന്തേലൊക്കെ പറഞ്ഞ് ആ പിള്ളേരെ നൈസായിട്ടങ്ങ് പറഞ്ഞ് വിടാന്‍ നോക്ക് , ഞാനിവിടെങ്ങാനും ഇരുന്ന് ആ ഫ്ലാഷ് ബാക്കൊന്നാലോചിക്കട്ടെ !!
ചന്തു ഫ്ലാഷ്ബാക്കാലോചിക്കാന്‍ തുടങ്ങുന്നു !!!
(പിന്നേം തുടരും , വേറെ വഴിയില്ല)