പേജുകള്‍‌

2010, മാർച്ച് 15, തിങ്കളാഴ്‌ച


യുഗപുരുഷന്‍
കേരളം സൃഷ്‌ടിച്ച ഏറ്റവും ദാര്‍ശനികൗന്നത്യമാര്‍ന്ന വ്യക്തിത്വമാണ്‌ ശ്രീനാരായണഗുരുവിന്റേത്‌. ദാര്‍ശനികമായ അഗാധതയോടൊപ്പംതന്നെ, ഭൗതികസാഹചര്യങ്ങളുടെ ഇരുട്ടില്‍നിന്ന്‌ കേരളത്തെ കരകയറ്റാന്‍ ശ്രമിക്കുകയും വിജയിക്കുകയുംചെയ്‌ത സാമൂഹികപരിഷ്‌കര്‍ത്താവ്‌ എന്ന നിലയിലും, ദീര്‍ഘകാലക്ഷമതയും പ്രവാചകത്വവും നിറഞ്ഞ മതചിന്തകളുടെ ആവിഷ്‌കാരകന്‍ എന്ന നിലയിലും ശ്രീനാരായണഗുരുവിനോടു കിടപിടിക്കാന്‍പോന്ന ഒരു വ്യക്തിത്വത്തെ കേരളം സൃഷ്‌ടിച്ചിട്ടില്ല. എല്ലാനിലയ്‌ക്കും സിനിമപോലെ ബൃഹത്തായ ഒരു കലാരൂപത്തിന്‌ ആസക്തിതോന്നുന്നത്ര സംഭവബഹുലവും ഉജ്വലവുമായ ഒരു ജീവിതകഥയാണ്‌ ഗുരുവിന്റേത്‌. മുന്‍പ്‌ കെ.സുരേന്ദ്രന്‍ ഗുരു എന്ന നോവലിലൂടെയും പെരുമ്പടവം ശ്രീധരന്‍ തന്റെ നാരായണം നോവലിലൂടെയും ഈ ജീവിതം ആവിഷ്‌കരിക്കാന്‍ ഉദ്യമിച്ചത്‌ ആ ജീവിതത്തിന്റെ ആഴവും പരപ്പും കണ്ടും അറിഞ്ഞും വിസ്‌മയിച്ചതുകൊണ്ടാണ്‌.കേരളത്തിന്റെ ചരിത്രപുരുഷന്മാരില്‍ ധാരാളം പേര്‍ സിനിമയ്‌ക്കു പാത്രമാകുന്നുണ്ട്‌. പഴശ്ശിരാജ, കുഞ്ഞാലിമരയ്‌ക്കാര്‍, വേലുത്തമ്പിദളവ മുതല്‍ എകെജി വരെയള്ള ചരിത്രപുരുഷന്മാര്‍ സിനിമയ്‌ക്കു പാത്രമായിട്ടുണ്ട്‌. ഇതിനേക്കാളൊക്കെ സാമൂഹികപ്രസക്തിയും വര്‍ത്തമാനകാലപ്രസക്തിയും ഉള്ള കഥയും ജീവിതവും ചരിത്രവുമായിരുന്നു ശ്രീനാരായണഗുരുവിന്റേത്‌. നാരായണഗുരുവിന്റെ കാലം ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ സംഘര്‍ഷനിര്‍ഭരവും സ്‌തോഭപൂര്‍ണ്ണവുമായ കാലം കൂടിയാണ്‌. ഏതായാലും ഈ വലിയ ജീവിതത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ സിനിമ ചെയ്യാനുള്ള ആര്‍. സുകുമാരന്റെ ശ്രമത്തെയും അതിനായി അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകളുടെ വെളിച്ചത്തില്‍ അഭിനന്ദിക്കട്ടെ.എങ്കിലും അദ്ദേഹത്തിന്റെ യുഗപുരുഷന്‍ വേണ്ടത്ര ഭംഗിയുള്ള ഒരു സിനിമയായോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. പൊത്തുവരുത്തമില്ലാത്ത കുറേ ശ്ലഥചിത്രങ്ങളും സന്ദര്‍ഭങ്ങളുടെ ചിത്രീകരണവുമായിപ്പോയില്ലേ യുഗപുരുഷന്റേത്‌. ഇങ്ങനെ ഗുരുവിനെക്കുറിച്ച്‌ പൊതുജനത്തെ അറിയിക്കാനാണെങ്കില്‍ ഡോക്യുമെന്ററിയുടെ രൂപം സ്വീകരിച്ചാല്‍ മതിയായിരുന്നില്ലേ. സിനിമയായി വികസിപ്പിക്കുമ്പോള്‍ കഥയ്‌ക്ക്‌ നാടകീയമായ തുടക്കവും വികാസവും അന്ത്യവുമൊക്കെ ഉണ്ടായിവരേണ്ടതുണ്ട്‌. ഇവിടെ കഥ ചലനാത്മകമല്ലാതെ നില്‌ക്കുന്നതായിട്ടാണ്‌ തുടക്കം മുതല്‍ ഒടുക്കംവരെ തോന്നുക.ആദ്യം ചില നല്ലതുകള്‍ പറഞ്ഞുകൊള്ളട്ടെ. അടിസ്ഥാനപരമായി ചിത്രകാരനായ സംവിധായകന്റെ പല രംഗവിന്യാസങ്ങള്‍ക്കും ചിത്രകലയുടെ ചാരുത ലഭിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌, ആദ്യഭാഗങ്ങളില്‍ കാണുന്ന രാത്രിരംഗങ്ങള്‍ക്ക്‌ എടുത്തുപറയേണ്ട മികവുണ്ട്‌. ക്യാമറയും ചിത്രസന്നിവേശവും മര്യാദയോടെ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. പേരെടുത്തു പറയേണ്ടത്‌ കലാസംവിധാനവേല കയ്യാളിയ കൃഷ്‌ണന്‍കുട്ടിയുടെതാണ്‌. അതിമനോഹരമായി, കുറഞ്ഞ സൗകര്യങ്ങളില്‍ നിന്ന്‌ അദ്ദേഹം അത്‌ ചെയ്‌തിട്ടുണ്ട്‌. അതുപോലെ വസ്‌ത്രമൊരുക്കിയിരിക്കുന്നതും ചമയം ഒരുക്കിയിരിക്കുന്നതും നന്നായി. കഥാപാത്രങ്ങള്‍ക്ക്‌ രൂപസാമ്യമുള്ളവരെ താരങ്ങളും അല്ലാത്തവരുമായ ആളുകളില്‍നിന്നു കണ്ടെത്തിയതിലും സംവിധായകന്റെ വൈഭവം കാണാം. സംഘട്ടനം, പാട്ട്‌, മമ്മൂട്ടിയുടെ ഉള്‍പ്പെടുത്തല്‍ എന്നിവയൊഴിച്ച്‌ സിനിമ ഒരിടത്തും കച്ചവടതാല്‌പര്യാനുസരണം വേണ്ടാത്തതു ചെയ്യുന്നില്ലെന്നതും എടുത്തുപറയണം. ഇതിനുപുറമേ, ഈ വല്ലാത്ത കാലത്ത്‌ ഗുരുവിന്റെ ഉണര്‍ത്തുകള്‍ ആവശ്യമാണെന്നതും ഈ സിനിമയെ സാര്‍ത്ഥകമാക്കുന്നു. ഗുരുവിന്റെ വാക്കുകളുടെ പൊരുളിനെ അന്വേഷിക്കാനുള്ള ശ്രമം സംവിധായകനിലെ ചരിത്രാന്വേഷി നടത്തിയിട്ടുണ്ട്‌.അതൊന്നും പക്ഷേ, ആകെമൊത്തം ഒരു നല്ല സിനിമയായി പരിണമിച്ചില്ലെന്നതിനാലാണു സങ്കടം. തിരക്കഥയാണു പാളിയത്‌. ഗുരുവിന്റെ ചെയ്‌തികള്‍ അവിടവിടെയായി എടുത്തെടുത്ത്‌ എഴുതുകയല്ലാതെ അതിനെ ഇഴപ്പൊരുത്തമുള്ളതാക്കാന്‍ തിരക്കഥാകാരനു സാധിച്ചില്ല. ഗാന്ധിജിയുടെയും ടാഗോറിന്റെയും സന്ദര്‍ശനങ്ങള്‍ സത്യത്തില്‍ സിനിമയ്‌ക്കാവശ്യമുള്ളതാണോ എന്നുപോലും തോന്നിപ്പോകും. ഗാന്ധിയും ടാഗോറും ആശാനും ഒക്കെയുള്ള സിനിമ എന്ന അടിസ്ഥാനമോഹം സംവിധായകന്റേതുമാത്രമാണ്‌. അവയെ നാടകീയമായി അവതരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്‌. കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടവും ആവശ്യമുണ്ടായിരുന്നോ എന്നു സംശയിക്കുന്നു.ചിത്രം പ്രൊഫഷനലായി ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ നിസ്സംശയം പറയാനാകും. കടുവയുടെയും കടലിലെ തെങ്ങിന്റെയും ആനിമേഷനുകളിലെ വൈകല്യങ്ങള്‍ക്ക്‌ മാപ്പുനല്‌കാം. പക്ഷേ, ഗുരു സിലോണില്‍ നിന്നു മടങ്ങിയെന്നു പ്രേക്ഷകര്‍ക്കുറപ്പുകൊടുക്കാന്‍ സംവിധായകന്‍ ഒരു കപ്പല്‍ കടല്‍ താണ്ടുന്ന ആനിമേഷന്‍ ചിത്രം നല്‌കിയതും ഗുരു കളവങ്കോടത്തു പ്രതിഷ്‌ഠിക്കുന്ന കണ്ണാടിയില്‍ സര്‍വചരാചരപ്രകൃതിയും അണ്‌ഡകടാഹവും നിറയുന്ന ആനിമേഷന്‍ ഗ്രാഫിക്‌സ്‌ വര്‍ക്കും കടന്നകൈയായിപ്പോയി.സംവിധായകന്‌ തന്റെ സൃഷ്‌ടിയിലുള്ള ആത്മവിശ്വാസക്കുറവ്‌ തെളിയിക്കുന്ന ഒരു സംഗതി ചിത്രത്തിലുടനീളം കാണാം. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കു മനസ്സിലായില്ലെങ്കിലോ എന്നു കരുതി, ഓരോ പുതിയ കഥാപാത്രവും വരുമ്പോള്‍ സൈഡില്‍ നിന്ന്‌ ആരെങ്കിലും ചുവടെ കൊടുത്തിരിക്കുംവിധമൊക്കെ പറയുന്നതുകേള്‍ക്കാം.അല്ലാ, നമ്മുടെ മൂര്‍ക്കോത്തു കുമാരനല്ലേ ആ പോകുന്നത്‌....കെ.പി.കേശവമേനോന്‍ വന്ന കാലില്‍ നില്‍ക്കാതെ എറാത്തു കേറിയിരുന്നാട്ടെ...രബീന്ദ്രനാഥടാഗോറെന്താ ഒന്നും മറുപടി പറഞ്ഞില്ല...മഹാത്മാഗാന്ധി വന്നതേതായാലും വളരെ നന്നായി....ഡോക്‌ടര്‍ പല്‌പുവിന്‌ കുടിക്കാനെന്താ, ചായയോ കാപ്പിയോ...ഈ വിധത്തില്‍ ഓരോ കഥാപാത്രത്തിന്റെയും പേരുചേര്‍ത്ത്‌ എന്തെങ്കിലുംപറഞ്ഞ്‌ പ്രേക്ഷകര്‍ക്ക്‌ ആളെ മനസ്സിലാക്കിക്കൊടുക്കുന്നതിലും നന്നായിരുന്നു, പടംതുടങ്ങുമ്പോള്‍ത്തന്നെ ഓരോ കഥാപാത്രത്തെയും കാണിച്ച്‌ പേരെഴുതിക്കാണിക്കുന്നത്‌.അതുപോലെ, സര്‍വചരാചരങ്ങളെയും പിന്നെ, നാട്ടിലുള്ള, അതും തിരുവനന്തപുരത്തുള്ള അമ്പലങ്ങളുടെയും പള്ളികളുടെയും മോസ്‌കുകളുടെയും ഒരു മൊണ്ടാഷുകാട്ടല്‍, പഴയ ശ്രീ അയ്യപ്പന്‍, ദേവീ മഹാമായേ ചിത്രങ്ങളുടെ ലെവലിലായിപ്പോയി. കുമാരനാശാന്‍ വീട്ടിലിരുന്ന്‌ ഭാര്യയ്‌ക്കും മക്കള്‍ക്കും ചണ്‌ഡാലഭിക്ഷുകി വായിച്ചുകൊടുക്കുന്നതിന്റെ ഇന്‍സെര്‍ട്ടായി ചേര്‍ത്ത ആനന്ദഭിക്ഷുവിന്‌ മാതംഗി വെള്ളം കൊടുക്കുന്ന രംഗം ഇതിനേക്കാള്‍ നന്നായി 1983ലോ 84ലോ കോട്ടയത്തുനടന്ന സംസ്ഥാനസ്‌കൂള്‍ യുവജനോത്സവത്തില്‍ ടാബ്ലോയായി ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട്‌ (നേരത്തേ കലാസംവിധാനത്തെ അഭിനന്ദിച്ചത്‌ ഇവിടെ റദ്ദാകുന്നില്ല). റെഡീമര്‍ ബോട്ടപകടവും അമച്വറിഷ്‌ ആയിപ്പോയി സാറേ...അഭിനയത്തില്‍ മികച്ചുനിന്നത്‌ കലാഭവന്‍ മണിയുടെ കോരനാണ്‌. തമ്പി ആന്റണി ഈയടുത്തായി എവിടന്നോ അഭിനയം പഠിച്ചെന്നു തോന്നുന്നു. ഈയടുത്തുകണ്ട സൂഫി പറഞ്ഞ കഥയില്‍ അദ്ദേഹം നന്നായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ യുഗപുരുഷനിലെ ചെറിയ വേഷത്തില്‍ കക്ഷി മിന്നിത്തിളങ്ങിയിട്ടുണ്ട്‌. തമ്പി ആന്റണിയുടെ അനിയന്‍ ബാബു ആന്റണിയുടെ അയ്യങ്കാളിയും നന്നായിട്ടുണ്ട്‌. മമ്മൂട്ടിയുടെ കെ.സി. കുട്ടനും സിദ്ദീഖിന്റെ ഡോക്‌ടര്‍ പല്‌പുവും സായ്‌കുമാറിന്റെ കഥാപാത്രവുമൊക്കെ പോസ്റ്ററിനെ താരസമ്പന്നമാക്കാനുള്ളതുതന്നെയാണ്‌ പ്രഥമമായി. എങ്കിലും ഈ ചെറുചിത്രത്തോട്‌ സഹകരിക്കാന്‍ ആ നടന്മാര്‍ കാട്ടിയ അനുഭാവം, പ്രത്യേകിച്ച്‌ താരതമ്യേന അപ്രധാനറോള്‍ ചെയ്യാന്‍ മമ്മൂട്ടി എടുത്ത തീരുമാനം അഭിനന്ദനപൂര്‍വം അംഗീകരിക്കേണ്ടതുതന്നെയാണ്‌. ഗുരുവായി വന്ന തലൈവാസല്‍ വിജയ്‌ രൂപംകൊണ്ട്‌ ഗുരു തന്നെ. എന്നാല്‍ ഭാവം കൊണ്ട്‌ അദ്ദേഹം ഗുരുവായോ എന്നത്‌ തര്‍ക്കത്തിനുവിടുന്നു. യോഗിയായ ഗുരുവിന്‌ വേണ്ട ആത്മചൈതിന്യം ആ മുഖത്തു സ്‌ഫുരിക്കാത്തതിനുകാരണം, സംവിധായകന്‍ ഗുരുവിന്റെ കഥാപാത്രത്തെ അങ്ങനെയാണു കണ്ടത്‌ എന്നതിനാലാണെന്നതാകും കൂടുതല്‍ ശരി. പ്രസാദവും ഉന്മേഷവും എന്നതിനു പകരം ഗുരുവിന്റെ നീക്കങ്ങളില്‍ ക്ഷീണവും ആലസ്യവും കാണുന്നു എന്നത്‌ സംവിധായകന്‍ അത്‌ അങ്ങനെയാണു വേണ്ടതെന്ന്‌ അഭിനേതാവിനെ അനുസരിപ്പിച്ചതുകൊണ്ടാകണമല്ലോ.ഈ ചിത്രത്തില്‍ ഒരുപാടു ചെറിയ ഫ്‌ളാഷ്‌ബാക്കുകളുണ്ട്‌. ഗുരുവിനെ അയല്‍ക്കാരി കാണാന്‍ വരുമ്പോള്‍ അമ്മയുടെ മരണം കാട്ടുന്നത്‌ ഉദാഹരണം. എഴുത്തുകാരന്‍ ദൃശ്യങ്ങളുടെ ശില്‌പഘടന രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അനുഭവിച്ച ആശയക്കുഴപ്പം ഈ ചെറുഫ്‌ളാഷ്‌ബാക്കുകളില്‍ വ്യക്തമാണ്‌. അതാണു വിവേകാനന്ദനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ധരണി മുഴങ്ങുമ്പോഴും തോന്നിച്ചത്‌. അതെപ്പറ്റി ഒരു തമാശ പറഞ്ഞുകൊണ്ടവസാനിപ്പിക്കാം. ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഉത്തിഷ്‌ടതാ... ജാഗ്രതാ... പ്രാപ്യവരാന്‍ നിബോതതാ... എന്നാണ്‌ പറയുന്നത്‌. വിവേകാനന്ദന്‍ പറഞ്ഞത്‌ ഉത്തിഷ്‌ഠതാ... ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ... എന്നല്ലേ എന്നു സംശയിക്കുമ്പോഴേക്കും അങ്ങനല്ലെന്ന്‌ അടിവരയിട്ടുകൊണ്ടു സിനിമയില്‍ വീണ്ടും മുഴങ്ങി... ഉത്തിഷ്‌ടതാ... ജാഗ്രതാ... പ്രാപ്യവരാന്‍ നിബോതതാ...വിവേകാനന്ദന്‍ മലയാളിയല്ലാത്തതുകൊണ്ടാവുമോ അങ്ങനെ സംഭവിച്ചത്‌ എന്നാലോചിച്ചു. പക്ഷേ, അദ്ദേഹം പറഞ്ഞതും മലയാളമല്ലല്ലോ... എന്തോ, ഇക്കാര്യം ശ്രീ സുകുമാരന്‍ ഒന്നു പരിശോധിക്കണം. നല്ല അക്ഷരസ്‌ഫുടതയുള്ള ഒരാളെക്കൊണ്ടാണു ഗുരുവിന്‌ ശബ്‌ദംനല്‌കിയത്‌. ആ നിലയ്‌ക്ക്‌ സുകുമാരന്‍ ഇവിടെയും ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ...ഇതൊക്കെയാണെങ്കിലും ഈ സിനിമയെ കേരളജനത തള്ളിക്കളയരുത്‌. ശ്രീനാരായണീയദര്‍ശനം പിന്തുടരുന്നവരില്‍ സിനിമയോടു താല്‌പര്യമുള്ളവരില്‍ പത്തിലൊന്നാളുകള്‍ കണ്ടാല്‍ത്തന്നെ ഈ ചിത്രം വിജയിക്കും. എല്ലാ കുറവുകളോടുംതന്നെ ഈ ചിത്രം വിജയിക്കേണ്ടതാണ്‌. അതു സിനിമയുടെ നന്മകൊണ്ടല്ല പറയുന്നത്‌; ശ്രീനാരായണദര്‍ശനത്തിന്റെ നന്മയും മേന്മയും കേരളം മറക്കാന്‍ പാടില്ലെന്നതുകൊണ്ടാണ്‌. കുട്ടികളെ ഈ ചിത്രം കൊണ്ടുപോയി കാണിക്കാന്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ശ്രമിക്കണം. പക്ഷേ, ആ കുട്ടികളോട്‌ അറിവുള്ളവര്‍ ഇങ്ങനെ പറഞ്ഞുകൊടുക്കണം: മക്കളേ, ഇതാണു കേരളംകണ്ട ഏറ്റവും വലിയ വ്യക്തിത്വമായ ശ്രീനാരായണഗുരുവിന്റെ കഥയും കാലവും. പക്ഷേ, സിനിമ എന്നു പറയുന്ന കലാരൂപമുണ്ടല്ലോ... അതു ദേ, ഇങ്ങനെയല്ല കേട്ടോ മക്കളേ, ഇരിക്കുന്നത്‌...

സച്ചിന്‍ എന്ന പടകുതിര :അനീഷ്‌




സച്ചിന്‍ എന്ന പടകുതിര
ചരിത്രം ഇനി മാറ്റിയെഴുതാം.സയീദ്‌ അന്‍വറിന്‍റെ ഇന്ത്യക്കെതിരെ 194 എന്നത് ഇനി ഇന്ത്യക്കാരന്‍റെ 200 എന്ന് മാറ്റി വായിക്കാം.ഗ്വാളിയോറിലെ രൂപ സിംഗ് സ്റ്റേഡിയത്തിലെ പുല്‍കൊടികളില്‍ സച്ചിന്‍ രചിച്ച പുത്തന്‍ ചരിത്രം ഗ്യാലറികളിലെ ആരവങ്ങളെയും കടന്ന്‌ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ അമ്പരപ്പും ആഘോഷവും എല്ലാമായി മാറികഴിഞ്ഞു. ചെപ്പോക്കിലെ ആ നാണക്കേട്‌ ഇനി ചരിത്രത്തിലില്ല എന്നര്‍ത്ഥം.കാലങ്ങളായി ക്രിക്കറ്റിലെ മഹാരഥന്മാര്‍ പലരും വഴിനടന്ന പിച്ചുകളില്‍ സംഭവിക്കാത്ത വിസ്മയം അത് സച്ചിനിലൂടെ തന്നെ സംഭവിക്കണം എന്ന് ദൈവം തീര്‍ച്ചപെടുത്തികാണണം.കാരണം രണ്ട്‌ ദശകങ്ങളും കഴിഞ്ഞു മുന്നേറുന്ന സമര്‍പ്പണത്തിന്‍റെയും ആവേശത്തിന്‍റെയും പര്യായമായ ലിറ്റില്‍മാസ്റ്റര്‍ക്കല്ലെങ്കില്‍ വേറെ ആരിലൂടെയാണ് ഇത് സംഭവിക്കേണ്ടത്‌? ഒരു പക്ഷെ ഡബിള്‍ സെഞ്ച്വറികള്‍ ഇനിയും പിറന്നേക്കാം(?).പക്ഷെ ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും പിടികൊടുക്കാത്ത റെക്കോര്‍ഡ്‌ ആദ്യം നേടി എന്നത് തന്നെയാണ് കാതല്‍.വിമര്‍ശനങ്ങള്‍ക്ക് അതീതമായിരുന്നില്ല സച്ചിന്റെ ഇന്നിങ്ങ്സ്.കരിയറിന്‍റെ അവസാന ഘട്ടത്തിലും മുമ്പും ഇതിനെല്ലാം മറുപടി നല്‍കിയത് ബാറ്റിങ്ങില്‍ ആവാഹിച്ചെടുത്ത സംഹാരശക്തി കൊണ്ടാണ്.ടെസ്റ്റിലും ഏകദിനത്തിലുമായി അടുത്തകാലത്ത്‌ വാരികൂട്ടുന്ന സെഞ്ച്വറികള്‍ സൂചിപ്പിക്കുന്നത്,റെക്കോര്‍ഡ്‌കളുടെയും വിജയത്തിന്റെയും കണക്കുപുസ്തകം അടച്ചുവെക്കാന്‍ സമയമായില്ല എന്ന് തന്നെയാണ്. ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് അവിടെ ദൈവം.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മേല്‍വിലാസവും സച്ചിന്‍ തന്നെയാണ്.ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരം.രണ്ട്‌ ദശകങ്ങള്‍ കഴിഞ്ഞും തുടരുന്ന ഉജ്ജ്വലമായ ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി എന്ന നേട്ടത്തിന് മുമ്പില്‍ വിനീതനായി പുഞ്ചിരിയോടെ സച്ചിന്‍ നടന്നു കയറുന്നു.നമ്മുടെ ഹൃദയങ്ങളിലേക്ക്. പ്രിയപ്പെട്ട സച്ചിന്‍,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. കൊച്ചു പ്രായത്തില്‍ സച്ചിന്റെ വല്ല ക്രിക്കറ്റ്‌ കളി കണ്ടിരിക്കുമ്പോള്‍ അമ്മ വല്ല സാതനവും കടയില്‍ നിന്ന് വാങ്ങിച്ചു കൊണ്ട് വരാന്‍ പറഞ്ഞാലും സച്ചിന്റെ ബാറ്റിന്റെ റന്‍സ് മഴ കണ്ടിട്ടേ എന്‍റെ ഞാന്‍ പോകുകയുള്ളൂ എന്ന വാശിയും ഞാന്‍ ഇവിടെ ഓര്‍ത്തു പോകുകയാണ് ....

2010, മാർച്ച് 14, ഞായറാഴ്‌ച



ഒരു വടക്കന്‍ വീരഗാഥ - റീലോഡെഡ് (Part-2)

രംഗം 2 :
ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍ ഉരുവിട്ട് പൂജ ചെയ്യുന്നത് കേള്‍ക്കാം
" മുസ്ത്തഫാ മുസ്ത്തഫാ , ഡോണ്ട് വറി മുസ്ത്തഫാ
കാലം നം തോഴന്‍ മുസ്ത്തഫാ ,... ഓം ഹ്രീം സ്വാഹാ ... "
പെട്ടെന്ന് കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് ചന്തു ഞെട്ടി , അത് പിന്നെ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സൗണ്ട് കേട്ടാ ആരായാലും ഞെട്ടിപ്പോവൂല്ലേ ??
ദേ... കാണാന്‍ രണ്ടു പിള്ളേര് വന്നു നിപ്പൊണ്ട് , ഇതൊക്കെ ഒതുക്കീട്ട് ഹാളിലോട്ട്‌ ചെന്നേ .... ചന്തൂന്‍റെ വൈഫ്‌ ഉരുളി ... സോറി ... അരുളി !!
ഹാളിലെത്തിയ ചന്തു കണ്ടത് ഫുള്‍ ഫ്രീക് ഡ്രെസ്സില്‍ നില്‍ക്കുന്ന രണ്ടു യുവകോമളന്‍മാരെ . ഒരാള്‍ മുടി സ്പൈക് ചെയ്ത് അതുമ്മേ ചോപ്പ് , പച്ച , നീല , വെള്ള , എന്നിങ്ങനെ അവിടവിടെ കളര്‍ ഒക്കെ ചെയ്ത ഒരു ചുള്ളന്‍ . മറ്റവന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു വരയന്‍ താടിക്കാരന്‍ . ചന്തു രണ്ടു പേരെയും നോക്കി . കൊള്ളാം രണ്ടും ഒന്നിനൊന്നു മെച്ചം . നല്ല തറവാടിത്വം ഉള്ള പിള്ളേര് . കണ്ടാലും പറയും . !! ചന്തു അവരോടു ആഗമനോദ്ദേശം ആരാഞ്ഞു .
വരയന്‍ താടിക്കാരന്‍ : ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ വേണ്ടി , ചന്തു ഭാഗവതരുടെ അടുത്ത് നിന്നും ' സംഗതി ' പഠിക്കാന്‍ വന്നതാ .
ചന്തു : ശോ .... ഈ ആരാധകരെ കൊണ്ട് തോറ്റു . പണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജയിച്ച് ഞാന്‍ ഫേമസ് ആയപ്പോ ഇത്രേം ആരാധകശല്യം ഉണ്ടാവൂന്ന് കരുതീല്ല. സോറി ഡാ പിള്ളേരെ , ഇവിടെ സംഗതി പഠിപ്പീര് നിര്‍ത്തി , ഞാനിപ്പോ റിയല്‍ എസ്റ്റേറ്റ് ബിസിനെസും ആല്‍ബം പിടിക്കലും ഒക്കെയായി കഴിഞ്ഞ് കൂടുവാ . നിങ്ങളാ ഭരത് സാറിനെ ചെന്ന് കാണ് . അങ്ങേര്‍ക്ക് സംഗതി എന്ന് വച്ചാ വീക്നെസ്സാ . കറിയില്‍ ഉപ്പോ എരിവോ മറ്റോ കുറഞ്ഞാല്‍ ഭാര്യയോടു പോലും പറയുന്നത് " സംഗതിയൊന്നും ഇല്ലല്ലോ മോളേ ന്നാ " . നിങ്ങള്‍ അങ്ങോട്ട്‌ പോ മക്കളേ ദിനേശാസ് .
വരയന്‍ താടിക്കാരന്‍ : അങ്ങനെ ഒഴിഞ്ഞു മാറാനൊന്നും നോക്കണ്ട ചന്തു സാറേ . ഞങ്ങളെ പഠിപ്പിച്ചേ പറ്റൂ .
ചന്തു : നിങ്ങടെ നാടെവിടാ മക്കളേ ??
വരയന്‍ താടിക്കാരന്‍ : ഊളമ്പാറ .
ചന്തു : ആഹാ .... ഊളമ്പാറക്കാരാ ? , ഞാനറിയാത്ത നാടൊന്നും അല്ലല്ലോ ,... അവിടൊരു തങ്കപ്പന്‍ മാഷുണ്ടാരുന്നല്ലോ , ഒരു വട്ടു സൈസ് , അങ്ങേരിപ്പ എന്ത് ചെയ്യുന്നു ? ഞാനും ഭാര്യേം അങ്ങേരുടെ കാര്യോം പറഞ്ഞ് എന്നും ചിരിയാ ... ഹു ഹു ഹൂ . ആട്ടേ , എന്താ നിങ്ങടെ വീട്ടു പേര് ?
വരയന്‍ താടിക്കാരന്‍ : പുത്തൂരം വീട് !!!!!!!
ആ വീട്ടുപേര് കേട്ടതും ഹരിമുരളീരവം പാടുന്നതിനിടക്ക് വെള്ളി വീണ ഭാഗവതരെപ്പോലെ ചന്തു തളര്‍ന്നിരുന്നു . ബാക്ക് ഗ്രൗണ്ടില്‍ ചോന്ന ലൈറ്റ് മിന്നി മറയുന്നു .
ചന്തു : പുത്തൂരം വീട്ടിലെ .... ?
വരയന്‍ താടിക്കാരന്‍ : ഞാന്‍ , ഉണ്ണിയാര്‍ച്ചയുടെ മോന്‍ ആരോമലുണ്ണി , യെവന്‍ ആരോമല്‍ ഭാഗവതരുടെ മോന്‍ കണ്ണപ്പനുണ്ണി .
ചന്തൂന് സംഗതികളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി തുടങ്ങി , അപ്പോള്‍ ചന്തുവിന്‍റെ ഭാര്യ അഥിതികള്‍ക്ക് ചായേം ബിസ്ക്കട്ടുമായി വന്നു .
ചന്തു : ഡീ , നീ അകത്ത്‌ പോയേ , പിള്ളേര് വന്നിരിക്കണത് കൊട്ടേഷനും കൊണ്ടാ , ഇന്നിവിടെ എന്തരേലൊക്കെ നടക്കും !!
കണ്ണപ്പനുണ്ണി : എന്‍റെ ഡാഡിയെ ചതിച്ചു കൊന്നതിന് പകരം ചോദിക്കാനാ ഞങ്ങള്‍ വന്നത് !!
ചന്തു : ഒന്ന് പോടാര്‍ക്കാ , തരത്തീപ്പോയി കളിയെടാ ... മൊട്ടേന്നു വിരിഞ്ഞിട്ടില്ല , അതിന് മുന്‍പ് അവനൊക്കെ പകരം ചോദിക്കാന്‍ എറങ്ങിയേക്കുന്നു , അതും ചന്തൂനോട് . നീയൊക്കെ എന്തറിഞ്ഞിട്ടാ !!
ഇതും പറഞ്ഞ് , ചന്തു അകത്തേക്ക് സ്കൂട്ടാവാന്‍ നോക്കുന്നു ..
ആരോമലുണ്ണി : എസ്ക്കേപ്പാവാന്‍ നോക്കണ്ട ചന്തു അങ്കിളേ ,... ഞങ്ങള് എല്ലാം അറിഞ്ഞിട്ടാ വന്നിരിക്കുന്നത് . മമ്മി എന്നോടെല്ലാം പറഞ്ഞ് . പോരാത്തതിന് മുത്തച്ഛന്‍റെ ലാപ്ടോപ്പീന്ന് നിങ്ങടെ ഫ്ലാഷ്ബാക്കും മനസ്സിലാക്കിയ ശേഷമാ ഞങ്ങള്‍ വന്നത് .
ചന്തു അങ്കിള്‍ എന്ന വിളി കേട്ടതും തിരിഞ്ഞു നടന്ന ചന്തൂന്‍റെ ഉള്ളില്‍ സെന്‍റിമെന്‍സ് വര്‍ക്ക്‌ ഔട്ട്‌ ആവുന്നു .. സ്ലോ മോഷനില്‍ തിരിഞ്ഞു കൊണ്ട് ...
ചന്തു : ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ പറ്റി നിങ്ങള്‍ക്കെന്തറിയാം ??
ആരോമലുണ്ണി : ആവശ്യത്തിലുമധികം , ഇടയ്ക്കിടയ്ക്ക് ഫയറിലൊക്കെ വായിച്ചിട്ടുണ്ട് !!
ചന്തു : മുളയാണിക്ക് പകരം ബിരിയാണി വച്ച് ആ ബിരിയാണിയില്‍ മുള്ളാണി ഇട്ടവന്‍ ചന്തു , പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംഗതി എവിടേ എന്ന് ചോദിച്ച ജഡ്ജിനോട് കൊണ്ടുവരാന്‍ മറന്നു പോയി എന്ന് കളവ് പറഞ്ഞവന്‍ ചന്തു , എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവരെ ആശ്വസിപ്പിച്ച അവതാരകയെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചവന്‍ ചന്തു , അവസാന റൗണ്ടില്‍ ആരോമല്‍ ഭാഗവതര്‍ ഫ്ലാറ്റ് മേടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചെറുതടിക്കാന്‍ വിളിച്ചിട്ട് അതില്‍ എലിപ്പാഷാണം കലക്കിക്കൊടുത്ത് ആരോമലിനെ ചതിച്ചു കൊന്നവന്‍ ചന്തു ... ഇന്നീം എന്തൊക്കെ കഥകളാണ് നിങ്ങള്‍ ഫയറില്‍ വായിച്ചിട്ടുള്ളത് ?? ഒരു കാര്യം ഇപ്പഴേ പറഞ്ഞേക്കാം ... ചന്തൂനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ ,... !! തിരിച്ചു പോ ... ഉം ... പോവാന്‍ ... !! ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നു ..... " എടിയേ ഇച്ചിരി വെള്ളം കൊണ്ട് വന്നേ , ... എന്‍റെ തൊണ്ട വളരുന്നു ... ഛീ .. വരളുന്നു !! അല്ലേ വേണ്ട , ഞാന്‍ അടുക്കളേലോട്ട് വരാം , അതാ സേഫ് .
ഇതും പറഞ്ഞ് ചന്തു പിന്നേം സ്കൂട്ടാവുന്നു .. !!
അടുക്കളയില്‍ എത്തിയ ചന്തൂനോട് പെണ്ണുമ്പിള്ള .. " ദേ മനുഷ്യാ ... നിങ്ങളിതെന്ത് ഭാവിച്ചാ ?? , ഇതിപ്പോ എന്താ സംഭവം ?? യേതാ ഈ പിള്ളേര് ?? അവമ്മാര് പോണില്ലല്ലോ , അതെന്താ ?? "
ചന്തു : എടീ ... നീയിങ്ങനെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന അഥിതികളോട് നികേഷ്കുമാര്‍ ചോദിക്കണമാതിരി എന്നോട് ചോദിക്കാതെടീ . എനിക്കും പറയാന്‍ ഒരവസരം താ .. ആ പിള്ളേര് അങ്ങനിങ്ങനൊന്നും പോവൂല്‍ട്രീ . അവമ്മാര് എന്‍റെ പെലകുളി അടിയന്തരം നടത്തീട്ടേ പോവൂന്നാ തോന്നണേ . കള്ള ഡേഷുകള് !! ഡീ ... ഞാനെങ്ങാനും ഇന്ന് വടിയായാല്‍ നീയും ഇക്കണ്ട സ്വത്തുക്കളും ഒക്കെ വഴിയാധാരാവൂല്ലോന്നോര്‍ക്കുമ്പോ ,.... :(
നീയൊരു കാര്യം ചെയ് .. എന്തേലൊക്കെ പറഞ്ഞ് ആ പിള്ളേരെ നൈസായിട്ടങ്ങ് പറഞ്ഞ് വിടാന്‍ നോക്ക് , ഞാനിവിടെങ്ങാനും ഇരുന്ന് ആ ഫ്ലാഷ് ബാക്കൊന്നാലോചിക്കട്ടെ !!
ചന്തു ഫ്ലാഷ്ബാക്കാലോചിക്കാന്‍ തുടങ്ങുന്നു !!!
(പിന്നേം തുടരും , വേറെ വഴിയില്ല)